പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പൊലീസിനെ കേട്ടാലറക്കുന്ന ഭാഷയില്‍ ബിന്ദു കൃഷ്ണ പുലഭ്യം പറഞ്ഞുവെന്ന് വി.എസ് പറഞ്ഞു. പൂച്ചയുടെ മുന്‍പില്‍പെട്ട എലിയെ പോലെയായിരുന്നു പോലീസ് ഓഫീസറുടെ അവസ്ഥ. ഇതിനാണോ ഒരുപാട് പയറ്റി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്. വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
സ്ത്രീ മുന്നേറ്റയാത്രക്കിടെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ബുധനാഴ്ചയാണ് സംഭവം. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ ഗാന്ധിപാര്‍ക്കില്‍ മൈക്ക് ഉപയോഗിക്കുന്നത് സബ് കലക്ടര്‍ വിലക്കിയിട്ടുണ്ട്. സ്ത്രീ മുന്നേറ്റയാത്രക്ക് രാവിലെ പത്തുവരെ മൈക്ക് അനുവദിച്ചിരുന്നു. ബിന്ദുകൃഷ്ണ പ്രസംഗിച്ചുകൊണ്ടിരിക്കെ 10.02ന് മാനന്തവാടി എസ്.ഐ സജു ജോസഫ് മൈക്ക് ഓപറേറ്ററുടെ അടുത്തെത്തി ഓഫാക്കാന്‍ ആവശ്യപ്പെട്ടു.
മൈക്ക് ഓഫാക്കിയതോടെ പ്രകോപിതരായ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ ഇളകി. പിണറായി വിജയന്റെ യാത്രയാണ് ഇതെങ്കില്‍ പൊലീസ് ഇങ്ങനെ പെരുമാറുമോ? പൊലീസിന്റെ തൊപ്പി തെറിപ്പിക്കും. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Comments