പുതുവൈപ്പിലെ എൽപിജി ടെർമിനൽ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി ചേമ്പറിലാണ് ചർച്ച. സമരസമിതിയുടെ മൂന്ന് പ്രതിനിധികൾ, വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എൽപിജി ടെർമിനൽ വേണ്ടെന്ന നിലപാട് യോഗത്തിൽ ഉന്നയിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. സമരം ചെയ്ത നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ ഡിസിപി യതീഷ് ചന്ദ്രയടക്കമുള്ള പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെടും. ഇതോടൊപ്പം, സമരം ചെയ്തവർക്കെതിരെ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും നേതാക്കൾ അറിയിച്ചു.
Comments