മെഡിക്കല്‍ കോളേജ് കോഴ വിവാവാദത്തില് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്കി. ബിജെപി അന്വേഷണ കമ്മീഷന് അംഗങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തി. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ എസ്.പി.കെ.ജയകുമാറാണ് മൊഴിയെടുത്തത്. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ബിജെപിയുടെ അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറിനുമാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ഇവരുടെ അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്.ഷാജിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments