ടി പി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി ടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ബിജെപി പരാതി നൽകുമെന്നും ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കുമ്മനം അറിയിച്ചു. വി ടി ബൽറാമിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ആദർശ രാഷ്ട്രീയത്തിന് അൽപ്പമെങ്കിലും പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ബൽറാം ചോദ്യം ചെയ്യലിന് സ്വമേധയാ ഹാജരാകണം. ഇല്ലായെങ്കിൽ ബൽറാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിൽ ഉണ്ടാക്കിയ കരാർ എന്താണെന്ന് തുറന്നു പറയണം. വിവിധ മാനങ്ങളുള്ള സോളാർ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments