സാമൂഹിക ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ലഭ്യമാവാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ട അവസാന തീയ്യതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2018 മാര്‍ച്ച് 31 വരെയാണ് തീയ്യതി നീട്ടിയിരിക്കുന്നത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിലവില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയ്യതിയും സര്‍ക്കാര്‍ നീട്ടി നല്‍കുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ ലഭ്യമാവണമെങ്കില്‍ ഡിസംബര്‍ 31നകം ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. മൊബൈല്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഈ തീയ്യതിക്കകം ആധാറുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ സാമൂഹിക ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ മാത്രമാണ് അവസാന തീയ്യതി ഇപ്പോള്‍ മാര്‍ച്ച് 31 വരെയാക്കി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Comments