ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവാളായി പ്രഖ്യാപിച്ചു. ഇന്തോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് 23ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിലെ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടയിലായിരിന്നു പ്രഖ്യാപനം. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീന്‍ ഭാഷയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു. റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം നടത്തി.
Comments