ഹരിയാന ഗുഡ്ഗാവിലെ റയാൻ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ ഇതേ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി അറസ്റ്റിലായി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഈ നിർണ്ണായക വഴിത്തിരിവുണ്ടായത്. പരീക്ഷ മാറ്റിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്കുന്ന സൂചന. ഗുഡ്ഗാവിലെ റയാൻ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന് താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഇന്നലെ രാത്രിയാണ് ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തത്. പകല്‍ മുഴുവന്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത സിബിഐ സംഘം രാത്രിയോടെ അറസ്റ്റ് ചെയ്യുന്നതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments