സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി. ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് തല്ക്കാലം നടപ്പാക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കിയത്. ദേശീയ ഗാനം കേള്‍പ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചെന്നും ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
Comments