നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കോവിലകത്ത് മുറി ചിറക്കല്‍ രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ എ.ഡി. ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. നിലമ്പൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. രാധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളും വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികളുമാണുള്ളത്. മന്ത്രി ആര്യാടന് മുഹമ്മദിന്‍െറ പേഴ്സനല്‍ സ്റ്റാഫായിരുന്ന ബി. ബിജുവും സുഹൃത്ത് ഷംസുദ്ദീനുമാണ് കൊലപാതക കേസിലെ പ്രതികള്‍. രാധയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിലമ്പൂരിലെ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വല്ലപ്പുഴ തുപ്പിനികാടന് ബംഗാളി ജംഷീര്‍ , ചന്തക്കുന്ന് പൂളകുളങ്ങര ഷബീബ് റഹ്മാന്, ചന്തക്കുന്ന് പുന്നക്കാടന് ഷമീം എന്ന പൊരി ഷമീം , മുതുകാട് മുഹമ്മദ് സാദിഖ് എന്ന ബാവ, ചന്തക്കുന്നിലെ ഷഫീഖ് എന്നിവരാണ് പ്രതികള്‍. ഇതില്‍ ഗള്‍ഫിലുള്ള ഷഫീഖ് ഒഴികെ മറ്റെല്ലാവരും അറസ്റ്റിലായി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
Comments