ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്നകോടതിയില്‍ വാദം കേട്ട ശേഷം, കോടതി തള്ളുകയായിരുന്നു. നീതി നിര്‍വഹിക്കപ്പെട്ടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇത് അംഗീകരിക്കാതെയാണ് സംസഥാന സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി ചീഫ് ജസ്റ്റീസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗബെഞ്ച് തള്ളിയത്. ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി തുടരും. നേരത്തെ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പന്ത്, യു യു ലളിത് എന്നിവര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ ചലമെശ്വര്‍ എന്നിവരടങ്ങിയ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ഇന്നലെ പരിഗണിച്ചെങ്കിലും തീരുമാനം അറിയിക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം കേസിലെ സുപ്രധാന തീരുമാനം സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
Comments