പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി വക്താവ് അരുണ്‍ ജയ്റ്റ്ലി. വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തരുതെന്ന പ്രിയങ്കാ ഗാന്ധിയുടെ നിര്ദേശമുള്ക്കൊള്ളേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും രാഷ്ട്രീയകാരണങ്ങളാല്‍ വാദ്രയെ അപമാനിക്കുകയാണെന്നുമുള്ള പ്രിയങ്കയുടെ പരാമര്‍ശത്തോടു ബ്ളോഗിലൂടെ പ്രതികരിക്കുകയായിരുന്നു ജയ്റ്റ്ലി. പ്രിയങ്കയുടെ അഭിപ്രായങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് അവരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. മോദിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ കുടുംബാംഗങ്ങളും തന്നെയാണ്. നരേന്ദ്രമോദിയുടെ വിവാഹം ഒരു പൊതു വിഷയമാക്കിയത് പ്രിയങ്കയുടെ സഹോദരന് രാഹുല്‍ ഗാന്ധിയാണ്. മോദിക്കെതിരെ രജിസ്റ്റര്‍ ചെയ്യാന്‍ കേസില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും കഥകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുകയായിരുന്നുവെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
Comments