സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്ട്ടിന് സേവ്യറിന്റെ (33)മൃതദേഹം അദ്ദേഹം സേവനം ചെയ്തിരുന്ന പള്ളിക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഇന്ന് രാവിലെ വിവരം ലഭിച്ചു. പ്രഭാത സവാരിക്കിടയിലോ മറ്റോ അപകടം പറ്റിയതാകാമെന്നാണ് കരുതുന്നത്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഇദ്ദേഹം നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. സ്കോട്ട്ലന്‍ഡില്‍ പിഎച്ച്.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സി.എം.ഐ. ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
Comments