തിരുവനന്തപുരം:നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസ് അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അതൃപ്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ പ്രതികൾ ആരായാലും പിടികൂടാനും അദ്ദേഹം നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയതായാണ് വിവരം. നടിക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന്റെ പുരോഗതി ഉടൻ വിലയിരുത്തുമെന്ന് പൊലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റ ശേഷം ബെഹ്റ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പക്ഷപാതമില്ലാത്ത അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശരിയായ ദിശയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ഏകോപനമില്ലെന്നും സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. സന്ധ്യ ഒറ്റയ്ക്കു കേസ് അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷണ സംഘവുമായി ആലോചിച്ചു പ്രവർത്തിച്ചാൽ മതിയെന്നും സെൻകുമാർ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. സെൻകുമാറിന്റെ ഈ ഉത്തരവു പരിശോധിക്കുമെന്നു ബെഹ്റ സ്ഥാനമേറ്റയുടൻ വ്യക്തമാക്കിയിരുന്നു.
Comments