നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിൽ രണ്ടാം കുറ്റപത്രം തയാറാക്കാനുള്ള പ്രവർത്തനങ്ങൾ പോലീസ് ആരംഭിച്ചതായാണ് സൂചന. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും. ദിലീപിനെ ഉൾപ്പെടുത്തിയുള്ള രണ്ടാം കുറ്റപത്രവും പൾസർ സുനിയെ മുഖ്യ പ്രതിയാക്കിയുള്ള ഒന്നാം കുറ്റപത്രവും ഒന്നിച്ചു വിചാരണ നടത്താൻ കഴിയുന്ന രീതിയിലേക്കാണ് പോലീസ് നീങ്ങുന്നത്. ദിലീപിന്റെ ജാമ്യം തടയാനുള്ള പോലീസിന്റെ മുൻകരുതലായും കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തെ കരുതാം. കേസന്വേഷണം ഉൗർജിതമായി മുന്നോട്ടു പോകുകയാണെന്നും ഇതുവരെയുള്ള തെളിവുകൾ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തവരെ വേണ്ടിവന്നാൽ ഇനിയും വിളിച്ചുവരുത്തുമെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം കുറ്റപത്രത്തിൽ നടൻ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണു സൂചന.
Comments