കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഡിപി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനിയെ മുദ്രാവാക്യം വിളികളുമായാണു പ്രവർത്തകർ കേരളത്തിലേക്കു വരവേറ്റത്. തന്റെ കേരളത്തിലേക്കുള്ള വരവിനെ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മഅദനി പ്രതികരിച്ചു. താൻ ജയിലിൽ അല്ല, ജാമ്യത്തിലാണു ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്നതെന്നും മഅദനി മാധ്യമങ്ങളോടു പറഞ്ഞു. 'ജാതിമതഭേദമന്യേ കേരളത്തിലെ ആളുകളും മനുഷ്യാവകാശ പക്ഷത്തുനിൽക്കുന്നവരും കേരള സർക്കാരും പ്രതിപക്ഷവും അഭിഭാഷകരും തനിക്കുവേണ്ടി ഇടപെട്ടു. എല്ലാവരും നീതിയുടെ പക്ഷത്തുനിന്നു. ഈ സമീപനത്തിലും ഇടപെടലിലും വളരെയധികം സന്തോഷമുണ്ട്. ഞാനിപ്പോൾ പാരപ്പന അഗ്രഹാര ജയിലിലല്ല കഴിയുന്നത്. മൂന്നു വർഷം മുൻപു ജാമ്യം കിട്ടി. അനുകൂലമായി പ്രതികരിക്കുന്നവർപോലും താനിപ്പോഴും ജയിലിൽ ആണെന്നു തെറ്റിദ്ധരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളാലുള്ള ജാമ്യമല്ല കിട്ടിയത്. സ്വതന്ത്രമായ ജാമ്യമാണ്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേയുള്ളൂ.
Comments