You are Here : Home / News Plus

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ഹരജി തള്ളി

Text Size  

Story Dated: Friday, February 02, 2018 02:00 hrs UTC

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച ക്രമക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹരജി തള്ളി. അങ്കമാലി സ്വദേശി പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹരജി എറണാകുളം സി.ജെ.എം കോടതിയാണ് തള്ളിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയെച്ചൊല്ലി സീറോ മലബാര്‍ സഭയില്‍ വിവാദം മുറുകിയിരിക്കവെയാണ് കോടതിയില്‍ ഹരജി നല്‍കിയത്. സഭയുടെ കടം തീര്‍ക്കാന്‍ നടത്തിയ ഭൂമി ഇടപാടില്‍ നൂറ് കോടിയോളം രൂപയുടെ അഴിമതി നടന്നെന്നുമായിരുന്നു ആരോപണം. ഇതിന് ഉത്തരവാദികളായ സഭാനേതൃത്വത്തിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇടപാടില്‍ ക്രമക്കേട് നടന്നതായി സഭ നിയോഗിച്ച അന്വേഷണ കമീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിരൂപതക്ക് കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 59 കോടി ബാങ്ക് വായ്പയെടുത്ത് അങ്കമാലിക്കടുത്ത് മറ്റൂരില്‍ 23.22 ഏക്കര്‍ വാങ്ങിയിരുന്നു. പദ്ധതി പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇതടക്കം ഇടപാടുകള്‍ സഭക്ക് 80 കോടിയിലധികം രൂപയുടെ ബാധ്യത വരുത്തിവെച്ചു. ഇത് തീര്‍ക്കാനാണ് കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട്--എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി 3.30 ഏക്കര്‍ വില്‍ക്കാന്‍ വൈദിക സമിതി തീരുമാനിച്ചത്. ഇതിനായി സഭയുടെ ഫിനാന്‍സ് ഓഫിസറായ വൈദികനെ ചുമതലപ്പെടുത്തി. സഭയുമായി അടുത്ത ബന്ധമുള്ളയാള്‍തന്നെയായിരുന്നു ഇടനിലക്കാരന്‍. സന്റെിന് 9.05 ലക്ഷമാണ് പരമാവധി വില നിശ്ചയിച്ചത്. ഒടുവില്‍ 27.24 കോടിക്ക് വില്‍ക്കാന്‍ ധാരണയായി. എന്നാല്‍, രേഖകളില്‍ കാണിച്ചത് ഒമ്പത് കോടി മാത്രമാണ്. ഈ തുക കിട്ടിയതോടെ അതിരൂപത മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആധാരങ്ങളില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്ഥലം വാങ്ങിയവര്‍ ബാക്കി തുക നല്‍കിയില്ല. രേഖകളില്‍ കാണിച്ച തുക കിട്ടിയ സ്ഥിതിക്ക് ബാക്കി ആവശ്യപ്പെടാനും കഴിയാത്ത അവസ്ഥയാണ്. സന്റെിന് 40 ലക്ഷം വരെ വിലവരുന്ന സ്ഥലം തുച്ഛ വിലയ്ക്ക് വിറ്റതുവഴി നൂറുകോടിയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.