You are Here : Home / News Plus

പറമ്പിക്കുളം-ആളിയാര്‍: കേരളത്തിന് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി തമിഴ്‌നാടിനോട്

Text Size  

Story Dated: Thursday, February 08, 2018 02:49 hrs UTC

പറമ്പിക്കുളംആളിയാര്‍ പദ്ധതിയില്‍നിന്ന് കരാര്‍ പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു.

ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്‌സ് (സെക്കന്റില്‍ 400 ഘനയടി) വെളളമാണ് ലഭിക്കേണ്ടത്. എന്നാല്‍ ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഫെബ്രുവരി 6ന് 131 ക്യൂസെക്‌സും 7ന് 67 ക്യൂസെക്‌സും മാത്രമാണ് വിട്ടുതന്നത്. ഫെബ്രുവരി 8ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്‌സ് മാത്രമാണ്. ഈ നിലയിലുളള വെളളത്തിന്റെ കുറവും കരാര്‍ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് വെളളം നല്‍കണമെന്നും തുടര്‍ന്നുളള വിഹിതത്തിന്റെ കാര്യം ഫെബ്രുവരി 10ന് ചെന്നൈയില്‍ ജോയന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നതെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരമുളള വെളളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുകയാണ്. വരള്‍ച്ചയും നെല്‍കൃഷിനാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയില്‍ ഇപ്പോള്‍ത്തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ട്. വിഷമം പിടിച്ച ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാര്‍ പ്രകാരമുളള 400 ക്യൂസെക്‌സ് വെളളം ലഭ്യമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.