You are Here : Home / News Plus

കേരള കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്

Text Size  

Story Dated: Sunday, March 18, 2018 05:08 hrs UTC

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാതെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് തീരുമാനിക്കാന്‍ കേരളകോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. മാണിഗ്രൂപ്പിന്റെ ഭാവി രാഷ്ട്രീയസമീപനം ഇതില്‍ വ്യക്തമാകുമെന്നതിനാല്‍ ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍.

ചെങ്ങന്നൂരില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ പ്രകടമായ പിന്തുണ നല്‍കാതെയുള്ള തന്ത്രപരമായ നിലപാടു സ്വീകരിക്കാനാണു സാധ്യത. എന്നാല്‍, രണ്ടു മുന്നണികളിലുമില്ലാതെ നില്‍ക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ചെങ്ങന്നൂരില്‍ മനസ്സാക്ഷി വോട്ട് പ്രഖ്യാപിക്കാനാണു കൂടുതല്‍ സാധ്യത.

ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്താല്‍ അതു ഭാവി സാധ്യതകള്‍ക്കു തടസ്സമാകും. മാത്രമല്ല, ഒരു മുന്നണിയുടെ ഭാഗമാകുന്ന നിലയ്ക്കു രണ്ടുകൂട്ടരുമായും ചര്‍ച്ച പുരോഗമിച്ചിട്ടുമില്ല. മാണി ഗ്രൂപ്പിനു വോട്ടുള്ള മണ്ഡലമാണു ചെങ്ങന്നൂര്‍ എന്നതിനാല്‍ അവരുടെ പിന്തുണയ്ക്കുള്ള ശ്രമം യുഡിഎഫും എല്‍ഡിഎഫും നടത്തുന്നുണ്ട്. അതേസമയം 23ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന്റെ ആറ് എംഎല്‍എമാര്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന കാര്യം നാളത്തെ യോഗത്തില്‍ തന്നെ തീരുമാനിക്കേണ്ടിവരും.

എല്‍ഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി.ബാബുപ്രസാദും മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ വിജയം സുനിശ്ചിതമാണ്. തങ്ങളുടെ ആറുപേരുടെ വോട്ട് വിജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാമെന്ന നിര്‍ദ്ദേശം പരിഗണിച്ചേക്കും. കോണ്‍ഗ്രസ് ബന്ധത്തില്‍ വീണ വിള്ളല്‍ ഇനിയും തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ യുഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യതയ്ക്കും വേഗമായിട്ടില്ല. ഇരുമുന്നണികള്‍ക്കു വേണ്ടിയും കച്ചമുറുക്കുന്നവരുടെ വാദപ്രതിവാദങ്ങള്‍ക്കു നാളത്തെ യോഗം വേദിയായേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.