ഫെയ്സ്ബുക്കിന്റെ ശ്രദ്ധയിൽപ്പെട്ട ‘പോരായ്മകൾ’ പരിഹരിക്കാൻ ഏതാനും വർഷങ്ങൾ വേണ്ടി വരുമെന്നാണു സക്കർബർഗ് വ്യക്തമാക്കിയത്. ഒരു വാർത്താ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണു വിശദീകരണം. ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിച്ചുള്ള കമ്പനിയുടെ ബിസിനസ് മോഡലിനെയും സക്കർബർഗ് ന്യായീകരിച്ചു. തങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ആപ്പിൾ സിഇഒ ടിം കുക്കിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ജനങ്ങൾ തമ്മിലുള്ള ‘ബന്ധം’ ശക്തമാക്കാനുളള ‘ക്രിയാത്മക’ ശ്രമങ്ങളിലായിരുന്നു ഫെയ്സ്ബുക് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഇതിനു വേണ്ടി രൂപം നൽകിയ ഫെയ്സ്ബുക്കിന്റെ തന്നെ ‘ടൂളുകൾ’ തികച്ചും അഹിതങ്ങളായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തിയതിലേക്കു ശ്രദ്ധിക്കാൻ അതിനിടെ സാധിച്ചില്ല. വിവാദമുണ്ടായ സാഹചര്യത്തിൽ അത്തരം മോശം പ്രവണതകൾ പരിഹരിക്കാനുള്ള ശ്രമം ഇനിയുണ്ടാകണം. അതിന് ഏതാനും വർഷങ്ങളെടുക്കും. മൂന്നോ അല്ലെങ്കിൽ ആറോ മാസത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നാണു തന്റെ ആഗ്രഹം. എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുറച്ചേറെത്തന്നെ സമയമെടുക്കുമെന്നതാണു സത്യമെന്നും സക്കര്‍ബർഗ് പറഞ്ഞു.
Comments