You are Here : Home / News Plus

ബാലപീഡർക്ക്‌ ഇനി തൂക്കുമരം

Text Size  

Story Dated: Sunday, April 22, 2018 07:06 hrs UTC

പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക്‌ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ്‌ പ്രകാരം ഇന്ത്യന്‍ പീനല്‍ കോഡ്‌ (ഐ.പി.സി), തെളിവുനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം (പോക്‌സോ) എന്നിവ ഭേദഗതി ചെയ്യും. അംഗീകാരത്തിനായി ഓര്‍ഡിനന്‍സ്‌ രാഷ്‌ട്രപതിക്ക്‌ അയച്ചുകൊടുക്കും. 
അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു നീക്കം. ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ബില്‍ നിയമമാകും. സമീപകാലത്തു രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്‌ടപ്പെടുത്തിയ കത്തുവ, ഉന്നാവ്‌, സൂറത്ത്‌ പീഡനങ്ങളുടെ പശ്‌ചാത്തലത്തിലാണു ബാലപീഡകര്‍ക്കു കടുത്തശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. 
പീഡനക്കേസുകളില്‍ അന്വേഷണവും തുടര്‍നടപടികളും നിശ്‌ചിതസമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഓര്‍ഡിനന്‍സ്‌ വ്യവസ്‌ഥ ചെയ്യുന്നു. എല്ലാത്തരം മാനഭംഗക്കേസുകളുടെയും അന്വേഷണവും വിചാരണയും രണ്ടുമാസത്തിനുള്ളില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അപ്പീല്‍ അപേക്ഷകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഓര്‍ഡിനന്‍സിലുണ്ട്‌. 
സംസ്‌ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി കൂടിയാലോചിച്ച്‌ പുതിയ അതിവേഗകോടതികള്‍ സ്‌ഥാപിക്കാനും പബ്ലിക്‌ പ്രോസികൂട്ടര്‍മാരെ നിയമിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. പോലീസ്‌ സ്‌റ്റേഷനുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും പീഡനക്കേസ്‌ അന്വേഷണത്തിന്‌ അനിവാര്യമായ സ്‌പെഷല്‍ ഫോറന്‍സിക്‌ കിറ്റുകള്‍ ലഭ്യമാക്കും. എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സ്‌പെഷല്‍ ഫോറന്‍സിക്‌ ലാബുകള്‍ സ്‌ഥാപിക്കും. ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്‌ഥകള്‍ ഇവയാണ്‌: 

പോക്‌സോ ശക്‌തമാകുന്നു 
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ ആവിഷ്‌കരിച്ചതാണ്‌ ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്ന നിയമം (ദ്‌ പ്ര?ട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌ ആക്‌ട്‌) അഥവാ പോക്‌സോ. 
2012-ല്‍ പ്രാബല്യത്തില്‍വന്ന നിയമപ്രകാരം ആണ്‍-പെണ്‍ ഭേദമെന്യേ 18 വയസില്‍ താഴെയുള്ളവര്‍ കുട്ടികള്‍ എന്ന ഗണത്തില്‍പ്പെടും. ഇവര്‍ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കുകയാണു നിയമം ലക്ഷ്യമിട്ടത്‌. 
കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിനുപുറമേ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, ലൈംഗികച്ചുവയോടെ സംസാരിക്കുക, സ്‌പര്‍ശിക്കുക, കുട്ടികളെ പീഡിപ്പിക്കുന്നതിന്‌ സഹായമെരുക്കുക തുടങ്ങിയവയും പോക്‌സോപ്രകാരം കുറ്റകരമാണ്‌. പോക്‌സോ ചുമത്തുന്നതോടെ പ്രതിക്കു കേസില്‍നിന്നു തലയൂരാനുള്ള പഴുതുകള്‍ അടയും. പ്രതിക്കു ജാമ്യം ലഭിക്കില്ലെന്നതാണു മറ്റൊരു സവിശേഷത. വിചാരണാ വേളയില്‍ കുട്ടി മൊഴിമാറ്റിയാലും ആദ്യത്തെ മൊഴിയാകും പരിഗണിക്കുകയെന്ന പ്രത്യേകതയുമുണ്ട്‌. 
ബാലസൗഹൃദാ വിചാരണാ സംവിധാനമൊരുക്കി പ്രതികളെ വിചാരണ ചെയ്യണമെന്നു നിയമം വ്യവസ്‌ഥ ചെയ്യുന്നു. നീതിന്യായ വ്യവസ്‌ഥയുടെ ചട്ടക്കൂട്ടില്‍ ഇര വീണ്ടും പീഡിപ്പിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കുന്നു. പൊതുസമൂഹത്തില്‍ ഇരയെ തിരിച്ചറിയാന്‍ ഉതകുന്ന വിശദാംശങ്ങളൊന്നും പുറത്തുവിടരുതെന്നു നിയമം കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു.

ക്രിമിനല്‍ നിയമത്തിലെ മാറ്റം 
ഠ സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള കുറഞ്ഞശിക്ഷ ഏഴുവര്‍ഷം കഠിനതടവില്‍നിന്നു 10 വര്‍ഷമാക്കി. ഇതു ജീവപര്യന്തം വരെയാകാം. 
ഠ ഇരയ്‌ക്കു 16-ല്‍ താഴെയാണു പ്രായമെങ്കില്‍ കുറഞ്ഞശിക്ഷ 10 വര്‍ഷത്തില്‍നിന്ന്‌ 20 ആക്കി. ഇതും ജീവപര്യന്തം വരെയാകാം. 
ഠ കൂട്ടബലാത്സംഗക്കേസില്‍ ഇരയ്‌ക്കു 16 വയസില്‍ കുറവാണെങ്കില്‍ ശിക്ഷ ജീവപര്യന്തം തടവ്‌. 
ഠ പീഡനത്തിനിരയാകുന്നത്‌ 12-ല്‍ താഴെ പ്രായമുള്ള കുട്ടിയെങ്കില്‍ പ്രതിക്കു കുറഞ്ഞത്‌ 20 വര്‍ഷം തടവുശിക്ഷയോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം. ഇതേ പ്രായക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയാല്‍ ജീവപര്യന്തമോ വധശിക്ഷയോ ഉറപ്പ്‌.

ജാമ്യനിബന്ധനകള്‍

16-ല്‍ താഴെ പ്രായമുള്ളവരെ പീഡിപ്പിക്കുകയോ കൂട്ടമാനഭംഗത്തിനിരയാക്കുകയോ ചെയ്‌തതായി ആരോപിക്കപ്പെട്ടവര്‍ക്കു മുന്‍കൂര്‍ജാമ്യത്തിന്‌ അര്‍ഹതയില്ല. 
പ്രതികളുടെ ജാമ്യാപേക്ഷയില്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ക്കും ഇരയുടെ പ്രതിനിധിക്കും 15 ദിവസത്തെ നോട്ടീസ്‌ നല്‍കി അവരുടെ വിശദീകരണം കേട്ടശേഷമാകണം തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.