ന്യൂഡല്‍ഹി: താജ്മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. കടുത്ത അന്തരീക്ഷമലിനീകരണത്തെ തുടര്‍ന്ന് താജ്മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ സേവനം പരിഗണിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ആദ്യം താജ്മഹല്‍ മഞ്ഞ നിറമാവുകയായിരുന്നു. ഇപ്പോഴാകട്ടെ തവിട്ടും പച്ചയും നിറങ്ങളായി മാറുകയാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം പരിഹരിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുനുന്നുമുള്ള വിദഗ്ധരുടെസേവനം പ്രയോജനപ്പെടുത്തണമെന്നും ലോകാത്ഭുതങ്ങളിലൊന്നായ ഈ മഹാസൗധം പ്രശ്നങ്ങള്‍ പരിഹരിച്ചു സംരക്ഷിച്ചു നിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുണ്ടെങ്കില്‍ അവരെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ജസ്റ്റിസുമാരായ എം.ബി ലോകുറിന്റെയും ദീപക് ഗുപ്തയുടെയും ബഞ്ച് ചൂണ്ടിക്കാട്ടി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയ്ക്കാണ് താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്. പരിസ്ഥിതി പ്രവര്ത്തകന് എം.സി മേത്തയാണ് ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കൂടുതല്‍ വാദത്തിനായി മേയ് ഒന്‍പതിലേക്ക് മാറ്റി.
Comments