കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഖാനെതിരെ കുറ്റം ചുമത്തിയത് സസ്പെന്റ് ചെയ്ത രാജസ്ഥാന് ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് രാജസ്ഥാന് സര്‍ക്കാര്‍ സമര്‍പിച്ച ഹരജിയില്‍ ആണ് താരത്തിന് നോട്ടീസ് അയച്ചത്. കേസില്‍ വിചാരണ കോടതി ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. 1998 ഒക്ടോബറില്‍ ‘ഹം സാത് സാത് ഹൈന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ജോദ്പൂരിനടുത്ത് കങ്കാണി ഗ്രാമത്തില്‍ ആണ് സംഭവം. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചുപോരുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെയാണ് ഖാന് വെടിവെച്ചത്. ഖാനൊപ്പം മറ്റു ചില താരങ്ങളും ഉണ്ടായിരുന്നു.
Comments