ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാര്‍ക്ക് ലഭിക്കാനുള്ള നാലുമാസത്തെ ശമ്പളക്കുടിശിക ഇന്ത്യന്‍ എംബസിയെ ഏല്പിച്ചുവെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മടങ്ങിയെത്തിവരില്‍ വിദേശത്ത് പോകാന്‍ യോഗ്യതയുള്ള നഴ്സുമാരെ സര്‍ക്കാര്‍ സഹായിക്കുമെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് യോഗ്യത നേടും വരെ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മടങ്ങിയെത്തിയ 46 നഴ്സുമാര്‍ക്കും പ്രവാസി വ്യവസായിയായ സി.കെ മേനോന് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
46 നഴ്സുമാരില്‍ 24 പേര്‍ക്ക് ഡോ.ആസാദ് മൂപ്പന്റെ വിവിധ ആസ്പത്രികളില്‍ ജോലി നല്‍കിയിട്ടുണ്ട്. 14 പേര്‍ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും ഒമ്പത് പേര്‍ക്ക് കോഴിക്കോട് മിംസ് ആസ്പത്രിയിലും ഒരാള്‍ക്ക് വയനാട് വിംസ് മെഡിക്കല്‍ കോളേജിലുമാണ് ജോലി നല്‍കിയത്.
Comments