കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സുപ്രീം കോടതി ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പ്രത്യേക കോടതി ജഡ്ജിയുടെ പേര് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല ഏല്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഹൈക്കോടതിയോട് നിര്‍ദേശിച്ചു. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. 168 കല്‍ക്കരിപ്പാടങ്ങളില്‍ 166 എണ്ണം അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിയതായി സി.ബി.ഐ. കഴിഞ്ഞയാഴ്ച തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Comments