സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ്റ് സീറ്റുകളിലെ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്.ഫീസ് വര്‍ധന സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഫീസ് വര്‍ധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാനേജ്മെന്റുകളുമായുള്ള ധാരണപ്രകാരം നിശ്ചയിച്ച എട്ട് ലക്ഷം രൂപ മാത്രമേ ഫീസായി ഈടാക്കാന്‍ കഴിയൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Comments