ചെറുമക്കളെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്ത ഗൃഹനാഥന് യുവാക്കളുടെ അടിയേറ്റ് വീടിനുമുന്നില്‍ വീണുമരിച്ചു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പള്ളിക്കാട് ഭാഗത്ത് പള്ളിവിളാകംവീട്ടില് ഭദ്രന് (65) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഒരാള്‍ ഒളിവിലാണ്. മരിച്ച ഭദ്രന്റെ ചെറുമക്കളെ റോഡില്‍വെച്ചും മറ്റും നിലയ്ക്കാമുക്ക് പാറയില്‍ സ്വദേശികളായ യുവാക്കള്‍ കമന്റടിക്കുക പതിവായിരുന്നു. പലപ്രാവശ്യം വിലക്കിയിട്ടും ഇത് തുടര്‍ന്നു. ഒടുവില്‍, യുവാക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യംചെയ്ത കുട്ടികള്‍ അവരുമായി വഴക്കിടുകയും ഇക്കാര്യം വീട്ടിലറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മ അയല്‍വാസികള്‍ കൂടിയായ യുവാക്കളുടെ ബന്ധുക്കളെ വിവരമറിയിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഞായറാഴ്ച രാത്രി 9.30-ഓടെ ഭദ്രന്റെ വീട്ടിലെത്തി വഴക്കിട്ടു. മാത്രമല്ല, ഭദ്രന്റെ ഭാര്യ ജയശ്രീയെയും മകന് ജോളിയെയും ചെറുമക്കളായ മൂന്ന് പെണ്‍കുട്ടികളെയും മര്‍ദിക്കുകയും ചെയ്തു. ഇത് തടയുന്നതിനിടയിലാണ് ഭദ്രന് അടിയേറ്റത്. മുഖത്തും പുറത്തും കാലിലും മുറിവേറ്റ ഭദ്രന് വീടിനുമുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭദ്രന് ഒരു മകള്‍ കൂടിയുണ്ട്-ജ്യോതി.
Comments