പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാതം( സി.ആര്.ആര്) നാല് ശതമാനം തന്നെയായി നിലനിര്‍ത്തി. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ആര്.ബി.ഐയുടെ വായ്പാ നയ അവലോകന യോഗമാണ് നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന നിരക്കാണ് റിപോ. ബാങ്കുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോള്‍ നല്കുന്ന പലിശയാണ് റിവേഴ്സ് റിപോ.
അതേസമയം, വാണിജ്യ ബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട നിര്‍ബന്ധിത നിക്ഷേപമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്.) അര ശതമാനം കുറച്ചു. ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള മൊത്തം നിക്ഷേപത്തിന്റെ നിശ്ചിത വിഹിതം ഇത്തരം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഈ അനുപാതമാണ് എസ്.എല്‍.ആര്. ഇതു കുറച്ചതോടെ ബാങ്കുകളുടെ പണ ലഭ്യത കൂടും. ജൂണില്‍ ഇത് 23 ശതമാനത്തില്‍ നിന്ന് 22.50 ശതമാനമായി കുറച്ചിരുന്നു.
Comments