സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി. ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക ജില്ലാതലത്തിലും ഇനംതിരിച്ചും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച് മാനേജര്‍ക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഇതടക്കമുള്ള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും. യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും.
Comments