സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നിര്‍ദിഷ്ട ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ ബില്ലിന്മേല് കൂടുതല്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള കൊളീജിയം സംവിധാനത്തിന് പകരമാണ് കമ്മീഷന് രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് വഴിതെളിക്കുന്ന ഭരണഘടനാഭേദഗതിബില്‍ നടപ്പു സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും. ജഡ്ജിമാരുടെ നിയമനമായതിനാല്‍ കൂടുതല്‍ വിശാലമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ മന്ത്രിസഭയുടെ അംഗീകാരത്തിന് വെക്കുകയുള്ളൂവെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബില്ലിന്റെ പ്രധാന നിര്‍ദേശങ്ങളുടെ കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തത്ത്വത്തില്‍ അംഗീകാരമായി. കമ്മീഷന് ഭരണഘടനാപദവി നല്‍കും. ഭാവിയില്‍ സാധാരണ നിയമനിര്‍മാണത്തിലൂടെ കമ്മീഷന്റെ ഘടനയില്‍ മാറ്റംവരുത്താതിരിക്കാനാണിത്.
Comments