ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനോട് വിയോജിച്ച് ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. തിരഞ്ഞെടുപ്പ് വിജയിച്ച ടീമിലെ 'മാന്‍ ഓഫ് ദി മാച്ച്' തന്റെ വിശ്വസ്തന് അമിത് ഷായാണെന്ന മോദിയുടെ പ്രസ്താവനയോടാണ് മോഹന്‍ ഭഗവത് വിയോജിച്ചത്. സാധാരണക്കാര്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടിയതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ബി ജെ പി നേതൃയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പുതിയ അധ്യക്ഷന്‍ അമിത് ഷായെ മോദി പ്രശംസിച്ചത്. ഇതിനെതിരെ മോഹന്‍ ഭഗവത് ഞായറാഴ്ചയാണ് രംഗത്തെത്തിയത്. 'പാര്‍ട്ടിയുടെ മേന്മകൊണ്ടാണ് വിജയിച്ചതെന്ന് ചിലര്‍ പറയുന്നു, ചിലരാകട്ടെ ചില വ്യക്തികളുടെ സ്വാധീനം മൂലമെന്നും. എന്നാല്‍ പാര്‍ട്ടിയുടെയൊ, വ്യക്തികളുടെയൊ സ്വാധീനംമൂലമല്ല വിജയം നേടിയത്' ഭഗവത് പറഞ്ഞു.പാര്‍ട്ടിയും മികച്ച നേതാക്കളും മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും വന്‍ വിജയംനേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. സാധാരണക്കാര്‍ സംതൃപ്തരല്ലെങ്കില്‍ ഈ സര്‍ക്കാരിനെയും ജനം മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
Comments