ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ പേരിലുള്ള ലഘുലേഖകള്‍ ഗുജറാത്തി ഭാഷയിലാണ്. ‘നിങ്ങള്‍ക്ക് അഭിസാരികയാകണമെന്നുണ്ടോ? വേണ്ടെങ്കില്‍ ചിന്തിച്ചുപ്രവര്ത്തിക്കുക’ എന്നാരംഭിക്കുന്ന ലഘുലേഖ മുസ്ലിം പുരുഷന്മാരാല് വഞ്ചിക്കപ്പെട്ട് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായി ജീവിക്കേണ്ടിവരുന്ന ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദി സിനിമകളെയും ലഘുലേഖ പഴിക്കുന്നു. ലഘുലേഖകളെക്കുറിച്ച് വിശ്വഹിന്ദുപരിഷത് പ്രതികരിച്ചില്ല. എന്നാല്‍, സംഘടന ബോധവത്കരണ കാമ്പയിന്‍െറ ഭാഗമായി പത്രികകള്‍ പുറത്തിറക്കാറുണ്ടെന്ന് പ്രവര്‍ത്തകര്‍തന്നെ സമ്മതിക്കുന്നു.ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദിന്‍െറ പേരില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ യോഗി ആദിത്യനാഥിനെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ പിന്തുണച്ചു. ഹിന്ദു സംസ്കാരത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ലവ് ജിഹാദെന്നാണ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിലപാടറിയിച്ചത്.
Comments