You are Here : Home / News Plus

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ :ഫഹദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Text Size  

Story Dated: Thursday, December 21, 2017 10:35 hrs UTC

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത സംഭവത്തിലാണ്  ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യുഷൻ എതിർത്തിരുന്നു.  

അതേസമയം സമാന കേസില്‍ അമല പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജനുവരി അഞ്ചിലേക്ക്‌ മാറ്റി. പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു.. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അമലാ പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അമലപോളും, ഫഹദും, സുരേഷ്‌ഗോപിയും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നികുതി ലാഭിക്കുന്നതിന് പോണ്ടിച്ചേരിയില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഫഹദ് കേരളത്തില്‍ നികുതി അടച്ചിരുന്നു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍ടി ഓഫീസില്‍ മാനേജര്‍ വഴി ഫഹദ് നികുതി അടച്ചത്. 

ഫഹദിന്‍റെ 70 ലക്ഷം രൂപ വിലയുള്ള മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജ മേല്‍വിലാസം ഉണ്ടാക്കി ഫഹദ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.