You are Here : Home / News Plus

‘വ്യാജ വാർത്താ’ പുരസ്കാരം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

Text Size  

Story Dated: Thursday, January 18, 2018 11:52 hrs UTC

‘വ്യാജ വാർത്താ’ പുരസ്കാരം യുഎസിലെ മുൻനിര ദിനപത്രമായ ന്യൂയോർക്ക് ടൈംസിന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എബിസി ന്യൂസ്, സിഎൻഎൻ, ടൈം, വാഷിങ്ടൻ പോസ്റ്റ് എന്നീ മാധ്യമങ്ങൾക്കും ‘വ്യാജ വാര്‍ത്തകളുടെ പേരിൽ’ പ്രത്യേക  പുരസ്ക്കാരങ്ങളുള്ളതായി ട്രംപ് ട്വീറ്റ് ചെയ്തു. 

മികച്ച മാധ്യമ പ്രവർത്തകർ യുഎസിലുണ്ടെങ്കിലും നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പുരസ്കാരമാണിതെന്നും ട്രംപ് വിശദമാക്കി. യുഎസ് ജനതയ്ക്ക് അഭിമാനിക്കാവുന്ന വാർത്തകളാണ് ഇവര്‍ നൽകിയതെന്നും പരിഹാസ സ്വരത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റ് തിര​ഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ച ദിവസം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ് അസാധ്യമെന്നു വാർത്ത നൽകിയതിനാണ് ന്യൂയോർക്ക് ടൈംസിന് അവാർഡ് പ്രഖ്യാപിച്ചത്. എബിസി ന്യൂസിനാണ് രണ്ടാം സ്ഥാനം.  വിക്കിലീക്സ് രേഖകൾ കാണാൻ ട്രംപിനും മകനും അനുവാദമുണ്ടെന്നു വാർത്ത നൽകിയ സിഎൻഎന്നിന് മൂന്നാം സ്ഥാനമാണ്. വാഷിങ്ടന്‍ പോസ്റ്റിന് നാലാം സ്ഥാനവും നൽകി.  

തന്റെ ഭരണത്തിൻ കീഴിൽ നടക്കുന്ന നല്ല വാര്‍ത്തകൾ റിപ്പോർട്ട് ചെയ്യാൻ ഈ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വിമര്‍ശിച്ചു. ഐഎസിന്റെ പിൻ‌വാങ്ങൽ, യുഎസിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യാൻ ഇവർക്കാകില്ല. തന്റെ ഭരണത്തിൻ കീഴിൽ യുഎസ്എ വീണ്ടും ഉന്നതങ്ങളിലേക്ക് പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.  

മുഖ്യധാരാ മാധ്യമങ്ങളിലെ അവിശ്വസ്തത, തെറ്റായ വാർത്ത നൽകൽ തുടങ്ങിയവയ്ക്കാണ് ട്രംപ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനു മുൻപു റഷ്യയുമായി ബന്ധപ്പെടാൻ ട്രംപ് നിർദേശിച്ചെന്നു എബിസി ന്യൂസും തന്റെ ഓഫിസിൽ നിന്നു മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രതിമ മാറ്റിയെന്നു ടൈമും തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നും ട്രംപ് പരാതിപ്പെട്ടിരുന്നു. അനുയായികളിൽ നിന്ന് ഈ അവാർഡുകൾക്കായി അദ്ദേഹം നിർദേശങ്ങളും ക്ഷണിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.