You are Here : Home / News Plus

ഗെയില്‍ പദ്ധതി : നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു.

Text Size  

Story Dated: Saturday, November 11, 2017 05:01 hrs UTC

തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണി വില നിജപ്പെടുത്തിയാവും നഷ്ടപരിഹാരം നിശ്ചയിക്കുക. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷം രൂപ നല്‍കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ അഞ്ച് മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ധനയാണ് ഭൂമിയുടെ നഷ്ട പരിഹാരത്തില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാന്‍ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും.

 

 

വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടു വയ്ക്കത്തക്കരീതിയില്‍ അലൈന്‍മന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തില്‍ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നല്‍കും. നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുന്നതും. വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ്. (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.