You are Here : Home / News Plus

കൊട്ടത്തലച്ചി മലയില്‍ തീപ്പിടിത്തം; മുപ്പത് ഏക്കര്‍ പുല്‍മേട് കത്തിനശിച്ചു

Text Size  

Story Dated: Friday, November 24, 2017 07:37 hrs UTC

അതീവ പരിസ്ഥിതിലോല പ്രദേശമായ കൊട്ടത്തലച്ചിമലയിലെ പുല്‍മേടിന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തീപടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിയുന്നത്. ഏറ്റവും മുകളിലായി ആനക്കുഴിഭാഗത്താണ് തീ കണ്ടത്. തിരുമേനി-ചട്ടിവയല്‍ ഭാഗത്തുനിന്നാണ് തീ ആരംഭിച്ചത്. ഉച്ചസമയത്തെ ചൂടും കാറ്റും വളരെ വേഗം തീ പടരുന്നതിനിടയാക്കി. പള്ളിയുടെ ചുറ്റുപാടുമുള്ള തെരുവക്കാടുകള്‍ കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചെറുപുഴ പോലീസും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും മണിക്കൂറുകളോളം അധ്വാനിച്ചാണ് തീ കെടുത്തിയത്. തീ പടരാതെ ഫയര്‍ ബെല്‍റ്റുകള്‍ തീര്‍ത്തും അടിച്ചുകെടുത്തുകയുമായിരുന്നു. മുപ്പതേക്കറോളം പുല്‍മേട് കത്തിയമര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ തീപ്പിടിത്തത്തില്‍ മലയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിനശിച്ചിരുന്നു. കൊട്ടത്തലച്ചിയുടെ മുകളില്‍ എത്തിപ്പെടാന്‍ റോഡില്ലാത്തതിനാല്‍ അഗ്നിരക്ഷാസേനയ്ക്ക് സ്ഥലത്ത് എത്താന്‍ കഴിയില്ല. തിരുമേനി-താബോര്‍ റോഡില്‍ ചട്ടിവയല്‍വരെ എത്തിയെങ്കിലും മലയിലേയ്ക്ക് കയറാന്‍ പറ്റാതെ മടങ്ങേണ്ടി വന്നു. തിരികെ ചൂരപ്പടവ് തട്ടില്‍ എത്തി അവിടെനിന്ന് ജീപ്പിലാണ് സംഘം മലമുകളിലെത്തിയത്. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഗോകുല്‍ദാസ്, ലീഡിങ് ഫയര്‍മാന്‍ കേശവന്‍ നമ്പൂതിരി, ഫയര്‍മാന്‍മാരായ സി.കെ.സുനില്‍, വി.അനുരൂപ്, ഫിലിപ്പ് ഡേവിഡ്, എം.ജയേഷ്, ഹോംഗാര്‍ഡ് പി.സി.മാത്യു, ശ്രീനിവാസന്‍ പിള്ള, ചെറുപുഴ എസ്.ഐ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.