You are Here : Home / News Plus

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വിഎസ്

Text Size  

Story Dated: Wednesday, December 06, 2017 12:37 hrs UTC

കേരളത്തെ ദുരിതത്തിലാക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ഇതിനകം 36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്ഥാനത്തിന് അതിഭീകരമായ നാശവും, വേദനയുമാണ് ഉളവാക്കിയിട്ടുള്ളത് എന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സഹായവും, പിന്തുണയും അനിവാര്യമാണ്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തി പ്രഖ്യാപിച്ചത് പോലെ ഇത് ദേശീയ ദുരന്തമായി കണക്കാക്കുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള സഹായം കാലവിളംബം കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാവുകയും വേണം. രാജ്യത്തെ ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും, ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഏജന്‍സികളെ ഏകോപിപ്പിക്കാനും സഹായകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.