You are Here : Home / News Plus

അടിമാലി കൂട്ടക്കൊല: വിധിപ്രഖ്യാപനം 28ന്

Text Size  

Story Dated: Saturday, December 16, 2017 12:01 hrs UTC

തെളിവുകൾ അവശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി കൂട്ടക്കാല  കേസിലെ വിധി പ്രഖ്യാപനം ഡിസംബര്‍ 28 ന് . സംഭവം  നടന്ന് 34 മാസം പിന്നിടുമ്പോൾ  തന്നെ കേസിന്‍റെ വിസ്താരം പൂർത്തിയാവുകയായിരുന്നു. 2015 ഫെബ്രുവരി 12 രാത്രി 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അടിമാലി ടൗൺ മധ്യത്തിൽ പ്രവർത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്‍റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 13-ന് പുലർച്ചെ അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302-ാം നമ്പർ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയിൽ മുറി പുറമെനിന്നും പൂട്ടിയ അവസ്ഥയിലുമായിരുന്നു കുഞ്ഞുമുഹമ്മദിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങൾ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കർണ്ണാടക, തുങ്കൂർ സിറ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര-23), ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകൻ മധു (രാജേഷ് ഗൗഡ-23), സഹോദരൻ മഞ്ജുനാഥ് (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ  സമ്മതിച്ചിരുന്നു. 19.5 പവൻ സ്വർണ്ണാഭരണങ്ങൾ, റാഡോ വാച്ച്, മൊബൈൽഫോൺ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവർച്ചയും നടത്തിയിരുന്നു. ഇവയെല്ലാം തന്നെ പോലീസ് പിന്നീട് കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.