ദില്ലി: തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി വലിയ മന്ത്രിസഭ വേണ്ടെന്നാണ് നരേന്ദ്ര മോദിയുടെ തീരുമാനം. സഹമന്ത്രിമാരായി സാങ്കേതിക വിജ്ഞാനം ഉള്ളവര്‍ മന്ത്രിസഭയുടെ ഭാഗമാകും. മലയാളിയും കൊങ്കണ്‍ – ഡെല്‍ഹി മെട്രോ റെയിലുകളുടെ ശില്പിയുമായ ഇ ശ്രീധരനെയാണ് റെയില്‍വെയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാക്കാന്‍ മോദി ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു.
ജനവിധി അനുകൂലമാകുകയാണെങ്കില്‍ മെയ് 20 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. മോദിയ്ക്ക് ഒപ്പം 15 അംഗ ക്യാബിനറ്റാകും അന്ന് ചുമതലയേല്‍ക്കുക. ഇതില്‍ മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജും മുരളി മനോഹര്‍ ജോഷിയും ഉണ്ടാകും. സുഷമ സ്വരാജിന് ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ ഏതെങ്കിലും നല്‍കാനാണ് മോദിക്ക് താത്പര്യം. മുരളീമനോഹര്‍ ജോഷിക്ക് മാനവശേഷി വകുപ്പാകും ലഭിക്കുക. വിശ്വസ്തരുടെ പട്ടികയിലുള്ള അരുണ്‍ ജെയ്റ്റിലിക്കാകും ധനകാര്യവകുപ്പിന്റെ ചുമതല.
Comments