തിരുവനന്തപുരം: രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ജില്ലയിലെ തൃക്കുളം ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം.
മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് വിദ്യയുടെ വലിയലോകത്തേക്ക് നാളെ ചുവട് വെക്കുന്നത്. ഇവരെ സ്വീകരിക്കാന്‍ സ്കൂളുകള്‍ അവസാനവട്ട ഒരുക്കത്തിലാണ്. മിക്ക സ്കൂളുകളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവധ പരിപാടികള്‍ സംഘടിപ്പിക്കും. എന്നാല്‍ സ്കൂള്‍ തുറക്കുമ്പോള്‍ പതിവ് പോലെ പല വെല്ലുവിളികളും വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുണ്ട്. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള 38 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി പുസ്തകം എത്തികണം. അധ്യാപകര്‍ക്കായുള്ള കൈപുസ്തകത്തിന്റെ അച്ചടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
യൂണിഫോം വിതരണത്തിന്റെ കാര്യത്തിലും ഇനി വ്യക്തത വരാനുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ എസ് എസ് എ ഫണ്ടുപയോഗിച്ച് വിതരണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ഏത് മാര്‍ഗത്തില്‍ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്കൂളുകളുടെ അറ്റകുറ്റപണി പലയിടങ്ങളിലും പൂര്‍ത്തിയാകാനുണ്ട്. സ്കൂള്‍ വാഹനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് എത്രത്തേളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം.
Comments