കാറപകടത്തത്തെുടര്ന്ന് അന്തരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെക്ക് രാഷ്ട്രം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം വൈകീട്ട് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച ജന്മനാടായ ബീഡ് ജില്ലയിലെ പറളി ഗ്രാമത്തില്‍ നടക്കും.
ചൊവ്വാഴ്ച രാവിലെ 6.20ന് ന്യൂഡല്‍ഹിയിലെ ഒൗറംഗസീബ് ചൗക്കില്‍ അപകടം നടന്നയുടന്‍ മുണ്ടെയെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വന്തം മണ്ഡലമായ മഹാരാഷ്ട്രയിലെ ബീഡില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷറാലിയില് പങ്കെടുക്കാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മുണ്ടെ.
ന്യൂഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മുണ്ടെ സഞ്ചരിച്ച മാരുതി എസ് എക്സ് ഫോര്‍ കാറില്‍ ഇന്‍ഡിക കാര്‍ ഇടിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
Comments