പ്രതിപക്ഷത്തായതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കോണ്‍ഗ്രസ് കണ്ണടെച്ചതിര്ക്കില്ലെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ നേരിടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 1928-ലെ പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാര്ഷികാഘോഷസമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുപരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തെറ്റുതിരുത്തി കോണ്‍ഗ്രസ് തിരിച്ചുവരും. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമേറ്റുവാങ്ങിയപ്പോള്‍ തോല്‍പ്പിച്ചവരെ വെല്ലുവിളിക്കുകയല്ല ചെയ്തത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചുവരികയാണു ചെയ്തത്. ജനങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞാല്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍നിര്‍ത്തുന്ന ചില രാഷ്ട്രീയപാര്‍ട്ടികളുണ്ട്. ജനങ്ങളുടെ വിശ്വാസമുണ്ടെങ്കിലേ ജനാധിപത്യത്തില്‍ നിലനില്‍പ്പുള്ളൂ. എങ്ങനെയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നു ചിന്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
Comments