വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലിനി (36) യെ പോലീസ് ചങ്ങനാശ്ശേരിയിലെത്തിച്ചു. ഡി വൈ എസ് പി ഓഫീസില്‍ അവരെ വിശദമായി ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം ചിങ്ങവനം പോലീസ് പഴനിയില്‍നിന്നാണ് ശാലിനിയെ അറസ്റ്റ് ചെയ്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് ശാലിനി കുടുങ്ങിയത്.
തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയ ചിങ്ങവനം എസ്.ഐ. എസ്. നിസ്സാമിന്റെ നേതൃത്വത്തിലുള്ള സംഘം പഴനിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍നിന്ന് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ശാലിനിയെ കണ്ടെത്തി.
ചിങ്ങവനം വെള്ളൂത്തുരുത്തി സ്വദേശിയായ ശശീന്ദ്രന് നായരെ പറ്റിച്ച കേസ്സിലാണ് പോലീസ് ശാലിനിയെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഉടനീളം വിവാഹത്തട്ടിപ്പ് നടത്തിയ ശാലിനിയെ ചിങ്ങവനം പോലീസ് നാലു ദിവസംകൊണ്ട് വലയിലാക്കുകയായിരുന്നു. ചിങ്ങവനം എസ്.ഐ. എസ്.നിസ്സാം, കെ.കെ.െറജി, വനിതാ പോലീസുകാരായ സീന മോള്, തങ്കമണി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
Comments