മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണെന്നും എടുത്തുപറയുന്നുണ്ട്. 2013 ഡിസംബര്‍ 27-ലെ ജലകമ്മീഷന്റെ യോഗത്തിനുശേഷം 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഡാം രജിസ്റ്റര്‍ കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. രജിസ്റ്ററില്‍ തമിഴ്നാടിന്റെ പട്ടികയില്‍ ഈ ഡാമുകള്‍ ചേര്‍ത്തിട്ടുമില്ല.
രാജ്യത്തെ അണക്കെട്ടുകള്‍ സംബന്ധിച്ച ആധികാരിക രേഖയാണ് കേന്ദ്ര ജലകമ്മീഷന് പുറത്തിറക്കുന്ന ദേശീയ ഡാം രജിസ്റ്റര്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജര്‍ ഡാംസ്). അടിത്തട്ടില്‍നിന്ന് 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ള ഡാമുകളാണ് പട്ടികയിലുള്ളത്. 2009 വരെ മുകളില്‍പ്പറഞ്ഞ നാല് ഡാമുകളും രജിസ്റ്ററില്‍ തമിഴ്നാടിന്റെ പട്ടികയിലായിരുന്നു. കേരളം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഈ ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Comments