തിക്രിതില്‍ സുന്നി വിമതരുടെ പിടിയിലായ ഇറാക്കിലുള്ള മലയാളി നഴ്സുമാരില്‍ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ട്.
തിക്രത്തിലെ ആശുപത്രിയില്‍ നിന്നും മൊസൂളിലേക്ക് മൂന്ന് വാഹനങ്ങളിലായി വിമതര്‍ നഴ്സുമാരെ കൊണ്ടു പോകുകയായിരുന്നു. ഇവര്‍ ബസില്‍ കയറിക്കൊണ്ടിരിക്കുന്നതനിടെ ഐഎസ്ഐഎല്‍ ഭീകരര്‍ തന്നെ ആശുപത്രി കെട്ടിടം ബോംബ് വച്ചു തകര്‍ക്കുകയായിരുന്നു. ഈ സ്ഫോടനത്തിലാണ് ബസില്‍ കയറിക്കൊണ്ടിരുന്ന അഞ്ചു നഴ്സുമാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗൂരുതരമല്ലെന്നാണ് വിവരം. ആശുപത്രിയിലുണ്ടായിരുന്ന 46 നഴ്സുമാരെയും ബസില്‍ കയറ്റി മൊസൂളിലേക്ക് കൊണ്ടുപോകുകയാരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
മലയാളി നഴ്സുമാര്‍ നാട്ടിലെ ബന്ധുക്കളെയും നഴ്സുമാരുടെ സംഘടനയെയുമാണ് നഴ്സുമാര്‍ക്ക് അപകടമുണ്ടായി എന്ന വിവരം അറിയിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി ഐഎസ്ഐഎല്‍ ഭീകരര്‍, ആശൂപത്രിയിലുള്ള ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നഴ്സുമാരോട് ആശൂപത്രി വിട്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നു. ആശുപത്രി ബോംബ് വച്ചുതകര്ക്കാന് പോകുകയാണെന്നും ഇതിനാല്‍ നഴ്സുമാരെ ഇവിടെ നിന്നു മാറ്റുകയാണെന്നുമാണ് വിമതര്‍ അറിയിച്ചത്. ആദ്യം വിമതര്‍ക്കൊപ്പം പോകാന്‍ നഴ്സുമാര്‍ തയാറായില്ല. ഇന്ത്യന്‍ അധികൃതരും ഇതിന് സമ്മതം മൂളിയിരുന്നില്ല. ഭീകരര്‍ക്കൊപ്പം ബസില്‍ പോകരുതെന്നും ഭീകരരുടെ വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങള്‍ ആക്രമിക്കുമെന്നുമാണ് ഇറാക്കി സൈന്യം നഴ്സുമാരെ അറിയിച്ചത്. ഇതിനാല്‍ നഴ്സുമാര്‍ വിമതര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയായിരുന്നു.
Comments