കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ എം.പിയും നടനുമായ തപസ് പാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. തപസ് പാലിന്‍െറ പരാമര്‍ശത്തിനെതിരെ സി.ഐ.ഡി അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ഉത്തരവ്. അന്വേഷണത്തിന് ഹൈകോടതി മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. ഉത്തരവ് കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് 72 മണിക്കൂറിനുള്ളില്‍ സംസ്ഥാന ഡി.ജി.പി കേസ് സി.ഐ.ഡിക്ക് കൈമാറണം. പരാതിക്കാരനായ ബിപ്ളബ് ചൗധരി ജൂലൈ ഒന്നിന് നല്കിയ പരാതി എഫ്.ഐ.ആര് ആയി പരിഗണിക്കാനും കോടതി നദിയ ജില്ലയിലെ നകശിപര സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍-ചാര്‍ജിനോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും തൃണമൂല്‍ പ്രവര്ത്തകന് ആക്രമിക്കപ്പെട്ടാല്‍ പ്രതികാരമായി സി.പി.എം പ്രവര്‍ത്തകരെ കൊല്ലാനും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും തന്‍െറ ആള്‍ക്കാരെ അയക്കുമെന്നായിരുന്നു തപസ് പാല് ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. വിഷയത്തില്‍ തപസ് പാല് പിന്നീട് മാപ്പു പറഞ്ഞിരുന്നു. തപസ് പാലിന്‍െറ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
Comments