ലോകവ്യാപാരസംഘടനയുടെ കരാറില്‍ ഒപ്പുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. സബ്സിഡികള്‍, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പുകള്‍ ലഭിക്കാതെ കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെ 159 ലോകരാഷ്ട്രങ്ങള്‍ ജനീവയില്‍ അംഗീകരിച്ച ബാലികരാര്‍ ഇതോടെ തത്കാലം അസാധുവായി. ലോകവ്യാപാരസംഘടനയുടെ(ഡബ്ലൂു.ടി.ഒ) ഭാവിയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്രസമൂഹം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ, വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞു. സാമ്പത്തികവളര്‍ച്ച ആഗ്രഹിക്കുന്ന ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പ്രതിച്ഛായയ്ക്കുതന്നെ ഇത് കോട്ടം വരുത്തുന്നതായി ഒരുന്നത യു.എസ്. ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടു. വ്യാപാരക്കരാറില്‍നിന്ന് അവസാനനിമിഷം പിന്മാറിയ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ചില രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നിലപാടില്‍ അവര്‍ നടുക്കം പ്രകടിപ്പിച്ചു. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്ലാത്ത വ്യാപാരക്കരാര്‍ അര്‍ഥശൂന്യമായിരിക്കുമെന്ന് ചില രാഷ്ട്രങ്ങള്‍ ജനീവയില്‍ ചൂണ്ടിക്കാട്ടി.
Comments