തന്നെക്കാള്‍ വലിയ തെറ്റുകാര്‍ സി പി ഐയുടെ ഉന്നതങ്ങളിലുണ്ടെന്ന് തരംതാഴ്ത്തപ്പെട്ട മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. സി പി ഐയില്‍നിന്ന് രാജിവെക്കുകയാണെന്നും രാജിക്കത്ത് നേതൃത്വത്തിന് ഫാക്സ് ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബെനറ്റ് എബ്രഹാം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ആയതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലും തനിക്ക് പങ്കില്ല. സംഘടനാ കാര്യങ്ങള്‍മാത്രം താന്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു. ഫണ്ട് ചിലവഴിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ രാമചന്ദ്രന്‍നായര്‍ കൈകാര്യം ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്നെമാത്രം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് അറിയില്ല. സി പി ഐയുടെ മുഖം രക്ഷിക്കണമെങ്കില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അടക്കമുള്ളവര്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments