ബാര്‍ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തദണച്ചും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ തള്ളിപ്പറഞ്ഞും മുതിര്‍ന്ന നേതാവ് എം.എം. ഹസ്സന് രംഗത്ത്. ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിക്കാണെന്ന് ഹസ്സന് പറഞ്ഞു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ച പ്രശ്നത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് പ്രശ്നത്തിന്റെ പ്രായോഗികവശമാണ്. പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിയുടെ ഈ പ്രായോഗിക നിലപാടിനാണ്. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണ്. ബാര്‍ വിഷയത്തില്‍ കോടതിയെക്കൊണ്ട് പറയിപ്പിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. കോടതിവിധിക്കനുസരിച്ച് തീരുമാനം കൈക്കൊള്ളാം എന്നായിരുന്നു സുധീരന്റെ മുന്‍നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. യു.ഡി.എഫാണ്. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടക്കണം. യു.ഡി.എഫ് ഉപസമിതിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്-ഹസ്സന് പറഞ്ഞു.
Comments