പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെയും നിലവിലുള്ള സ്കൂളുകളിലെ അധിക ബാച്ചുകളിലെയും പ്രവേശന നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയാണ് പ്രവേശനം നിര്‍ത്തിവെച്ചത്. ഉത്തരവ് വന്നശേഷം പ്രവേശനത്തിനുള്ള പുതിയ സമയക്രമം പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ പുതുതായി അനുവദിച്ചതില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്ശയില്ലാത്തവ റദ്ദാക്കണമെന്നാണ് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഡയറക്ടറുടെ ശുപാര്‍ശപ്രകാരമുള്ള സ്കൂളുകളില്‍ പ്രവേശന നടപടികള്‍ തുടരാമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ പുതുതായി അനുവദിച്ച എല്ലാ സ്കൂളുകളിലെയും എല്ലാ ബാച്ചുകളുടെയും പ്രവേശനം നിര്‍ത്തിവെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഏതൊക്കെ സ്കൂളുകളുടെയും ബാച്ചുകളുടെയും അംഗീകാരം നിലനില്ക്കും എന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വരാത്തതുകൊണ്ടാണ് ഈ നടപടി.
Comments