ദേശീയ തീര്‍ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എത്ര തുക വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് വ്യക്തമാക്കി. ശബരിമലയില്‍ ഇത് സംബന്ധിച്ച പഠനത്തിന് കേന്ദ്ര ടൂറിസം സെക്രട്ടറി ആനന്ദ്കുമാറും കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ സിങ്ങ് എന്നിവര്‍ ചൊവ്വാഴ്ച എത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് ഹരികിഷോറും ഒപ്പമുണ്ടായിരുന്നു. 130 കോടി രൂപ വരെ ഇതിനായി ചെലവിടാന്‍ ഇപ്പോള്‍ അനുമതി ഉണ്ടെന്ന് ആനന്ദ് കുമാര്‍ അറിയിച്ചു. ആദ്യ ഘട്ടമായി 5 കോടി രൂപയും അടുത്ത ഘട്ടങ്ങളിലായി 15 കോടി രൂപവരെയും ചെലവിട്ടുള്ള പദ്ധതികള്‍ ഉടന്‍ തുടങ്ങിയാല്‍ അതിന് പണം കിട്ടും. സെക്രട്ടറിക്ക് തന്നെ ഇതിന് അനുവാദം നല്‍കാനാകും.ശബരിമലയെ സംബന്ധിച്ച് പ്രധാനമായി വേണ്ട കാര്യങ്ങള്‍ കളക്ടറും ദേവസ്വം ചീഫ് എന്‍ജീനിയര്‍ ജോളി ഉല്ലാസും എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് ജയകുമാറും വിശദമാക്കി. ഇടത്താവള വികസനം, പമ്പയിലെയും നിലയ്ക്കലെയും ശുചിത്വാലയങ്ങള്‍ , ഹൈമാസ്റ്റ് വിളക്ക് എന്നിവ പരിഗണിക്കാവുന്നതാണെന്ന് സംഘം അറിയിച്ചു.
Comments